Friday, September 26, 2014

നിരീക്കല്ലടാ നിരീക്കല്ലാ ....

അയമുക്കാന്റെ കഥകളില്‍ അയമുക്ക പറയാത്തതും മറ്റുള്ളവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതുമായ കഥകള്‍ വേറെയുമുണ്ട്. അതിലൊന്നാണിത്. 
അന്ന് റാബിത്താന്റെ ഇളയ അനിയത്തീടെ കല്യാണതലേന്നായിരുന്നു.  അസ്ഥാനത്ത് അടുക്കള ഭാഗത്തൂന്ന് വന്ന നിലവിളിയുടെ കാരണം തിരക്കി ഓടിവന്നവര്‍ക്ക് മുന്നില്‍ നിലത്തുകുത്തിയിരിക്കുന്ന ജമാലായിരുന്നു. വീട്ടിലെ പെണ്ണുങ്ങള്‍ക്ക് മുഴുവന്‍ നടുവില്‍ അവനങ്ങനെ മോങ്ങിക്കൊണ്ടിരിക്കുന്നു.
പ്രോബ്ലം ഇതാണ് . റാബിത്താന്റെ അനിയത്തി ആമിനക്ക് കൊടുക്കാന്‍ കൊണ്ട് വന്ന അരപ്പവന്റെ മോതിരത്തിനുള്ളിലേക്ക് പയ്യന്‍സ് സുന്നത്ത് ചെയ്ത സുന്ദരനെ അങ്ങ് കയറ്റി  .റിട്ടേണ്‍ കിട്ടാതെ അരപ്പവന്‍ ജാമായി ഇങ്ങട്ടില്ലെന്ന മട്ടില്‍ കെടപ്പാണ് ...
പെണ്ണുങ്ങള്‍ പഠിച്ച പണി പതിനെട്ടു പയറ്റീട്ടും സങ്കരന്‍ തെങ്ങുമ്മേ തന്നെ. കോറസ്സ് തേങ്ങലുകള്‍ക്കിടയില്‍ നിന്നും അയമുക്ക പെണ്ണുങ്ങളെ വിരട്ടിയോടിച്ചു. മിഷന്‍ അയ്മുക്ക ഏറ്റെടുത്തു  .ബിരിയാണിയുണ്ടാക്കാന്‍ കൊണ്ടുവന്ന ഡാല്‍ഡ തേച്ചിട്ടും സംഗതി വരുന്നില്ല. മാത്രമല്ല അസ്ഥാനത്തെ സ്പര്‍ശനം പയ്യന്റെ ആണത്തതെ  ചെറുതായൊന്ന് ഉദ്ധരിപ്പിക്കുകയും ചെയ്തു. മകന്റെ ഫെര്ടിലിട്ടിയെ പറ്റിയുള്ള ഭയവും വെപ്രാളവും കൊണ്ട് അങ്കലാപ്പിലായെങ്കിലും പുരുഷന്റെ സെക്സോളജിയിലുള്ള അയമുക്കാന്റെ അപാരപാണ്ടിത്യം അടുത്ത ഉപദേശത്തില്‍ വെളിവായി ....”നിരീക്കല്ലെടാ നിരീക്കല്ലാ “.......

അക്കരെ നിന്നും തട്ടാന്‍ നാണുവേട്ടന്‍ വന്ന് സംഗതിക്ക് ഒരു തീര്‍പ്പാകിയെങ്കിലും.  കൊല്ലമിത്രേം കഴിഞ്ഞിട്ടും ചില സംഗതികളില്‍ അയമുക്കാന്റെ പഴയ ഡയലോഗ് ഇവിടെ നാട്ടുമ്പുരത്തുകാര്‍ ഇപ്പോഴും പറയാറുണ്ട്.        ”നിരീക്കല്ലെടാ നിരീക്കല്ലാ “.......

Saturday, September 20, 2014

പഴം പുരാണം

വായില്‍ കടിച്ചു പിടിച്ച്  തുപ്പല്‍ പുരണ്ട ദിനേശ് ബീഡീടെ പ്രാണന്‍ പോകാതിരിക്കാന്‍ ഒന്നാഞ്ഞുവലിച്ച് വായിലെ പുക വിടാന്‍ വേണ്ടി തന്നെ പറിച്ചു മാറ്റിയതെന്നു തോന്നിക്കുന്ന പല്ലിന്റെ വിടവിലൂടെ പുക വിട്ട് അയമൂട്ടിക്ക കഥ തുടര്‍ന്നു .....
പത്തന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാ. ഇന്നേ പോലെ ബസ്സും ബണ്ടീം ഒന്നുല്ലാത്ത കാലം. പൊയ കടന്ന് അക്കരെ എത്ത്യാലാ ഒരാസ്പത്രി ഉള്ളേ.അന്നേരാ ഓന്‍.... ഓനിക്കന്നേരം എട്ടൊമ്പത് ബയസ്സാ......
മതി.. അങ്ങേരുടെ ഭാഷ ...ഇനി തുടര്‍ന്നാ പണ്ടാരടങ്ങാന്‍ ഇതാര്‍ക്കും മനസ്സിലാകില്ല ..എല്ലാത്തിനും വേണമല്ലോ ഒരു യുനിവേര്സല്‍ സ്ലാന്ഗ് ...!
 അയമ്മദ്ക്ക വെള്ളിയാഴ്ച പ്രമാണിച്ച് പണിയെല്ലാം ലീവാക്കി കുളിച്ച് അത്തറും പൂശി ജുമാക്ക് പോകാന്‍ റെഡിയായപ്പോഴാണ് കെട്ട്യോള്‍ റാബിത്ത വെപ്രാളത്തോടെ ഓടി വന്നത് . ഇട്ടമ്മില്‍ കെട്ടിയിട്ട ആട് കുടുങ്ങീന്നു വെച്ച് ആധിപിടിച്ച് ചാടിപ്പിടിച്ച് കാര്യം തിരക്കിയ അയമ്മദിക്കാന്റെ മുന്നിലേക്ക് കാദര്‍ വായും പോളന്നു തന്നെ വന്നു . തൊറന്നുപിടിച്ച വായുടെ റീസണ്‍ റാബിത്ത തന്നെ എക്സ്പ്ലയിന്‍ ചെയ്തു. പൊളിച്ച് പിടിച്ച വായയുമായി കാദര്‍ കണ്ണ് കൊണ്ടും പുരികം കൊണ്ടും ചെലത്‌ ശരിയെന്നും ചെലത്‌ ശരിയല്ലെന്നും അംഗീകരിച്ചു..
കഥയിതാണ് പശുവിനു പാള വെട്ടികൊണ്ടിരിക്കയായിരുന്നു റാബിത്ത , കളിച്ചോണ്ടിരിക്കുന്നു കാദറും ജമാലും സെറീനയും എന്തോ ചെറിയ കാര്യത്തിന് അടീം ഇടീം വഴക്കുമായി. മൂന്നുപെരും കോറസ്സായി ഉമ്മാനെ വിളിച്ച് കരയാന്‍ തുടങ്ങി . കൂട്ടത്തില്‍ മിടുക്കനായ കാദര്‍ കുറച്ച് ഇമ്പ്രഷന്‍ കിട്ടാന്‍ വോള്യം അല്പം കൂട്ടി ഉമ്മാന്നു വിളിച്ചതാ. ആഫ്റ്റര്‍ ഷട്ടര്‍ ക്ലോസായില്ല.അതാ ഇങ്ങനെ ചെക്കന്‍ വായും പൊളന്നിരിക്കുന്നത്...
ചെറുതായൊന്നു ബലം പിടിച്ച് നോക്കീട്ടും രക്ഷ കിട്ടീല. പൊളിച്ച് കിടക്കുന്ന വായില്‍കൂടെ ആ ..കാ  ....ങ്ങാ .....ന്ന് ചെക്കന്‍ കാറുന്നു ...ആള്‍ക്കാരൊക്കെ ഓടിവന്ന് മുറ്റം നിറഞ്ഞു. എല്ലാവരും പൊളിച്ച് കെടക്കുന്ന ചെക്കന്റെ വായടപ്പിക്കാന്‍ അറിയാവുന്ന വിദ്യകള്‍ പലതും നടത്തി നോക്കി . നോ രക്ഷ....
പുരുഷാരത്തിനു മുന്നില്‍ ചെക്കന്റെ വായ ഒരു ചോദ്യചിഹ്നം പോലെ പൊളിച്ച് തന്നെ ..ഇനീപ്പോ എന്ത് ചെയ്യും???? പുരുഷാരം കൂലംകഷമായി ചിന്തിച്ചു .ഒടുവില്‍ അക്കരെയുള്ള ആശുപത്രിയില്‍ പോകാന്‍ തന്നെ തീരുമാനിച്ചു.
അയമ്മദ്ക്ക മുന്നിലും പിറകെ പൊളിച്ച വായുമായി കാദറും അതിനു പിറകെ പിള്ളേരും പുരുഷാരവും ....വയലും പറമ്പുകളും കൈത്തോടുകളും കടന്ന് യാത്ര ജമായത്ത് പള്ളിക്ക് മുന്നിലെത്തി . ഒസ്സന്‍ മമ്മദ്ക്കയും മൊയല്യാരും ഒന്ന്‌ ട്രൈ ചെയ്തു നോക്കി.  മൊയ്ല്യാരിക്കാന്റെ  ജപിച്ചൂതലില്‍ ചെക്കന്റെ വായില്‍ കുറെ തുപ്പല്‍ പോയീന്നല്ലാതെ നോ റിസള്‍ട്ട്‌. ജുമാ മിസ്സായ അയമുക്കയും ചെക്കനും കടവ് കടന്ന് വയല് മുറിച്ചു നടക്കുകയാണിപ്പോ....കിലോമീറ്റര്‍ നാലഞ്ച് കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് മുന്നില്‍ നടക്കുന്ന അയമുക്ക അശരീരി പോലൊരു ശബ്ദം കേട്ടത്. .ഉപ്പാ ഇപ്പ സറിയായി “.... അസ്ഥാനത്ത് പൊളിച്ചപ്പോ ചെക്കന്റെ ഷട്ടര്‍ ലോക്കായ വായ ദേ അടഞ്ഞു കിടക്കുന്നു വിത്തൌട്ട് എനി റീസണ്‍!!!!!

കാദര്‍ അതിനു ശേഷം ഒരിക്കലും വോള്യം കൂട്ടി സംസാരിച്ചില്ലെന്നും...ഉമ്മാ എന്നുള്ള വിളി മാറ്റി ഉമ്മച്ചി എന്നാക്കിയെന്നുമൊക്കെയുള്ള അപശ്രുതികളും നാട്ടിലുണ്ട്....

Friday, September 12, 2014

ഒരു പഴയ "കായകല്പ" ചികിത്സ

    ആരാണീ സയന്‍സ് അങ്ങേര്‍ക്ക് പറഞ്ഞു കൊടുത്തതെന്നറിയില്ല. വെടിയേറ്റ് വീണ മുയലിന്റെ കഴുത്ത് കടിച്ചുമുറിച്ച് ചൂടുള്ള ചോര കുടിച്ചുകൊണ്ട് ഓടുക!. നല്ല ആരോഗ്യം കിട്ടുമത്രേ ചിലപ്പോ മുയലിനെ പോലെ !. ഒന്നര്‍മ്മാദിക്കാന്‍  ആര്‍ക്കാ മടി  ..?
    


      സംഗതി കിട്ടുകേം ചെയ്തു. പൊന്ത ക്കാട്ടില്‍ നിന്നും ചാടിക്കേറിയ മുയലിന്റെ പിന്‍തുടയിലാണ് നാടന്‍ തോക്കിന്റെ ഉണ്ട തുളച്ചു കയറിയത്. തോക്കവിടെ വെച്ച് മുയലിനേം കടിച്ചു പിടിച്ചു അര്‍മാദിച്ചു  ഓടിയ നാരാണേട്ടന്‍ കുതിരയെപോലെ അമറിക്കൊണ്ട് തിരിച്ചോടി വരുന്നത് കണ്ട് അമ്പരന്നു പോയെങ്കിലും സംഭവം ഇത്രേം കോമ്പ്ലിക്കേറ്റ് ആയിരിക്കുമെന്ന് കരുതിയിരുന്നില്ല.

     


             നട്ടപ്പാതിരയ്ക്ക് ചന്തിക്കൊരു വെടീം കിട്ടി പ്രാണന്‍ പോകാന്‍കിടക്കുമ്പോള്‍ കഴുത്തിനൊരു കടിയും കൂടി തന്നത് ക്ഷമിക്കാന്‍ നൂറുശതമാനം വെജിറ്റേറിയന്‍ ആണെങ്കിലും മുയലിനു പറ്റിയില്ല.   ദിനേശ്ബീഡി വലിച്ച് ഒട്ടിപ്പോയ കവിളിനെ ചേര്‍ത്ത് പിടിപ്പിച്ച മുയലിന്റെ ആ കടിയില്‍ നാരാണേട്ടന്റെ സ്റ്റാപ്ലെര്‍ ചെയ്യപ്പെട്ട വാ  തുറന്നുകിട്ടിയത്  വിത്തൌട്ട് അനസ്തേഷ്യയില്‍ കൈയ്യിലെ പിച്ചാത്തി കൊണ്ടൊരു മൈനര്‍ സര്‍ജ്ജറിക്ക് ശേഷമായിരുന്നു....!


(പത്തു നാല്‍പതു വര്ഷം മുന്‍പേ നടന്ന സംഭവമാ ഇനീപ്പോ എന്റെ വീട്ടിലെ ചട്ടീം കലോം വന്നു നോക്കിയാല്‍ മുയലിന്റെ പൊട്ടുംപൊടീം കിട്ടില്ല.. നാരാണേട്ടന്‍ മരിച്ചു .... കൂട്ട്പ്രതി എന്റെ അച്ഛന്‍ ആണ് ഈ കഥ എനിക്ക് പറഞ്ഞു തന്നത് )

Thursday, September 11, 2014

ടെസ്റ്റില്‍ പഠിക്കാത്ത സിഗ്നല്‍:-


ഇപ്പോഴത്തെക്കും കൂടി ഇത് മൂന്നാമത്തെ പ്രാവശ്യമാണ്
എളുപ്പവഴിയില്‍ ക്രിയ ചെയ്യാമെന്ന് കരുതി ഈ റോഡ്‌ പിടിച്ചിട്ടിപ്പോ ഓരോ പ്രാവശ്യം ഓവര്ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴും വല്ലാപിടിച്ച ഒരു സിഗ്നലാണ്‌ കാറുകാരന്‍ കാണിക്കുന്നത് . കഷ്ടപ്പെട്ട് എട്ടു വരച്ചും സിഗ്നലുകള്‍ എല്ലാം ബൈഹാര്ട്ടാക്കിയും നേടിയെടുത്ത ലൈസെന്സിടന്റെ പാഠങ്ങളിലൊന്നും ഇങ്ങനൊരു സിഗ്നല്‍ കണ്ടിട്ടേയില്ല . ....
വലതു കൈ പുറത്തിട്ട് തള്ള വിരലും ചൂണ്ടുവിരലും ചേര്ത്ത് “ദുട്ടെന്നോ “,”ചിക്ളി” എന്നോ “ജോര്ജുകുട്ടി” എന്നോ തോന്നിപ്പിക്കുന്ന ഒരു സിഗ്നല്‍. നാലും കൂടിയ കവലയില്‍ വണ്ടി സ്ലോ ആക്കിയപ്പോള്‍ ചാടിപ്പിടിച്ചു അങ്ങേരുടെ മുന്പി‍ല്‍ കേറി.
എന്താടാ നോക്കുന്നെ എന്ന കാറുകാരന്റെ തുറിച്ചു നോട്ടത്തിനെ ഭീഷണമായ മറ്റൊരു നോട്ടത്താല്‍ പൊളിച്ചു പാളീസാക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഗതി എനിക്ക് മനസ്സിലായത്‌ . ചങ്ങാതി കടല കൊറിക്കുകയായിരുന്നെന്നെ,..........!!!!!!! കാറിനു പുറത്തേക്കിട്ട വലതു കൈയിലെ നിലക്കടലയുടെ തൊലി കളയുന്ന കലാപരിപാടിയാണ് ഞാന്‍ ടെസ്റ്റില്‍ പഠിക്കാത്ത സിഗ്നല്‍ ആക്കിയത്.....